ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനത്തിൽ കൈപ്പത്തികൾ അറ്റ സംഭവം; നാല് പേരെക്കൂടി പ്രതി ചേർത്തു

കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കതിരൂരിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ നാല് പേരെക്കൂടി പോലീസ് പ്രതി ചേർത്തു. തെളിവ് നശിപ്പിച്ചതിനും വെടി മരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതിനും പോലീസിനെ വിവരം അറിയിക്കാതിരുന്നതിനുമാണ് കേസ്. ഒളിവിലായ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും കതിരൂർ ഇൻസ്‌പെക്ടർ അറിയിച്ചു.

കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലാണ് ബോംബ് ഉണ്ടാക്കിയിരുന്നത്. സംഭവം അറിഞ്ഞ് രാത്രി 9.30ഓടെ പോലീസ് എത്തുമ്പോഴേക്കും സ്ഥലം മഞ്ഞളും വെള്ളവും ചേർത്ത് കഴുകി വൃത്തിയാക്കിയിരുന്നു. വിശദ പരിശോധനയിൽ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തിയിരുന്നു. പിറ്റേന്ന് നടന്ന ഫൊറെൻസിക് പരിശോധനയിൽ വിരലിന്റെ ഭാഗങ്ങളും കണ്ടെത്തി. സ്‌ഫോടന സ്ഥലം വീടിന് മേൽഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിയ്ക്കാനും ഇവർ ശ്രമിച്ചിരുന്നു.

ബോംബ് ഉണ്ടാക്കിക്കൊണ്ടിരുന്ന നിജേഷിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു. ഇയാൾ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികൾ ഉൾപ്പെടെ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. നാടൻ ബോംബ് ആയിരുന്നുവെങ്കിലും ഉഗ്രശേഷിയുള്ളതായിരുന്നുവെന്ന് ഫൊറെൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു.