ന്യൂഡെൽഹി: ഞായറാഴ്ച നടക്കേണ്ടിയിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ പി ജി പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെച്ചു. രാജ്യത്ത് കൊറോണ സാഹചര്യം അതി രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
1.7 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുവ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ഷേമം കണക്കിലെടുത്താണ് പരീക്ഷ മാറ്റുന്നതെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. ഇതുസംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.