ബി.1.617; ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ്; കൊറോണ രോഗാണുവിന്റെ ഇന്ത്യൻ വകഭേദം; പത്ത് സംസ്ഥാനങ്ങളിൽ പടരുന്നു; കേരളത്തിലും സാധ്യത

ന്യൂഡെൽഹി: രാജ്യത്തെ രണ്ടാംഘട്ട കൊറോണ വ്യാപനത്തിന് മുഖ്യ കാരണം ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യതിയാനം വന്ന ഈ വൈറസ് പത്ത് സംസ്ഥാനങ്ങളിലെങ്കിലുമുണ്ടെന്നാണ് കണ്ടെത്തൽ. ഡൽഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതുതായി ലഭിക്കുന്ന സാമ്പിളുകളിൽ 60 ശതമാനവും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസുകളായിരുന്നു. രോഗവ്യാപനം തീവ്രമായ കേരളത്തിലും വൈറസ് കാണാനുള‌ള സാദ്ധ്യത കേന്ദ്ര ആരോഗ്യ മന്ത്രാലയം തള‌ളിക്കളയുന്നില്ല.

നിലവിൽ രാജ്യത്ത് വാക്‌സിൻ വിതരണം നടക്കുന്നുണ്ടെങ്കിലും പുതിയ രോഗാണുവിനെതിരെ വാക്‌സിൻ ഫലപ്രദമാണോയെന്ന് ഇനിയും തെളിഞ്ഞിട്ടില്ല. ഇന്ന് 2 ലക്ഷത്തിലധികമായിരുന്നു രാജ്യത്തെ പ്രതിദിന കൊറോണ കണക്ക്. 1038 പേർ മരണമടയുകയും ചെയ്‌തു. ഒരാഴ്‌ചയായി ഒന്നരലക്ഷത്തിലേറെ പ്രതിദിന രോഗികളാണ് ഇന്ത്യയിലുണ്ടാകുന്നത്. ഈയാഴ്‌ച അവസ്ഥ ഇനിയും മോശമാകുമെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

ബി.1.617എന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് കൊറോണ രോഗാണുവിന്റെ ഇന്ത്യൻ വകഭേദമാണ്. എട്ടോളം രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന 70 ശതമാനം സാമ്പിളുകളും ജനിതക വ്യതിയാനം വന്ന പുതിയ വൈറസിന്റേതാണ്. വുഹാനിൽ നിന്നും പുറത്തുവന്ന കൊറോണ രോഗാണുവിൽ നിന്ന് 15 തരത്തിൽ രോഗാണു മാറി. ഇവയിൽ മൂന്നെണ്ണം സ്‌പൈക്ക് പ്രോട്ടീനിലാണ് മാ‌റ്റമുണ്ടാക്കിയത്.

വൈറൽ ഇൻഫെക്‌ഷനെതിരെ ആന്റിബോഡികൾ പ്രതിരോധിക്കുന്ന പ്രോട്ടീനാണ് സ്‌പൈക്ക് പ്രോട്ടീൻ. കൊറോണയുടെ യു.കെ വകഭേദങ്ങൾക്കെതിരെ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഷീൽഡ്, കൊവാക്‌സിനുകൾ ഫലപ്രദമാണെന്ന് തെളിഞ്ഞതാണ്. എന്നാൽ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഈ വാക്‌സിനുകൾ സുരക്ഷിതമാണോയെന്ന് ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല.

ദക്ഷിണാഫ്രിക്ക, യു.കെ, ബ്രസീൽ എന്നിവിടങ്ങളിലെ കൊറോണ വകഭേദങ്ങളുടെ ആകെ സങ്കരമാണ് പുതിയ വൈറസ്. ഇവയിൽ ഒന്നോ രണ്ടോ ഇനങ്ങളെ മാത്രമേ കണ്ടെത്തിയിട്ടുള‌ളൂ. നൂറ് കണക്കിന് വകഭേദമുണ്ടാകാമെന്നാണ് ശാസ്‌ത്രജ്ഞരുടെ ഊഹം. ഇവയിൽ ചിലതിനെതിരെ സ്‌പുട്‌നിക് വാക്‌സിൻ പോലും പ്രവർത്തിക്കുമെന്ന് തോന്നുന്നില്ലെന്ന് ഐ.എൽ.ബി.എസ് ആശുപത്രി മേധാവി ഡോ.എസ്.കെ സരിൻ അഭിപ്രായപ്പെട്ടു.

പരിവർത്തനം വന്ന വൈറസുകൾ കൂടുതൽ രോഗം പടർത്താനുള‌ള ശക്തി നേടുകയാണ്. അതുകൊണ്ട് ജനങ്ങൾ കൊറോണ മാനദണ്ഡങ്ങൾ ശരിയാം വിധം പാലിക്കാതിരുന്നാൽ രോഗം അതിവേഗം പടരുന്നതിന് ഇടയാക്കുമെന്ന് കണ്ടെത്തിയതായി സെന്റ‌ർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലാർ ബയോളജി ഡയറക്‌ടർ ഡോ. രാകേഷ് കെ. മിശ്ര അഭിപ്രായപ്പെട്ടു