തമിഴ്നാട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജയം

കൊച്ചി: അതീവ ഗുരുതര ഹൃദ്രോഗവുമായി ചികിൽസയ്ക്കായി തമിഴ്നാട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജയം. കുഞ്ഞിന്‍റെ നില തൃപ്‍തികരമെന്ന് എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ലിസി ആശുപത്രിയിൽ ഇന്ന് രാവിലെ 10 ന് ആരംഭിച്ച ശസ്ത്രക്രിയ ആറുമണിക്കൂറാണ് നീണ്ടത്. ഇന്നലെ ജനിച്ച ഉടൻ സ്ഥിതി വഷളായ കുഞ്ഞിനെ വെന്റിലേറ്ററിന്റെയും മറ്റു ജീവൻ രക്ഷാ മരുന്നുകളുടെയും സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. അടിയന്തിര ചികിൽസ ആവശ്യമായതിനാൽ കുഞ്ഞിനെ നാഗർകോവിലില്‍ നിന്നും റോഡ് മാര്‍ഗമാണ് കൊച്ചിയിലെത്തിച്ചത്.

കൊറോണ ലോക്ക് ഡൗണിനിടെ കേരള, തമിഴ്നാട് സർക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടർന്നാണ് അതിർത്തി കടക്കാൻ ആംബുലൻസിന് അനുമതി കിട്ടിയത്.
കുട്ടിയെ കൊണ്ടുവരാനുള്ള ലൈഫ് സേവ് എമർജൻസി സെർവിസിന്റെ ആംബുലൻസ് ഇന്നലെ ഉച്ചക്ക് 1.40 നാണ് ലിസി ആശുപത്രിയിൽ നിന്നും പുറപ്പെട്ടത്. തമിഴ്നാട് നാഗർകോവിലിലെ ഡോ. ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് യാത്ര തിരിച്ചത്. പുലർച്ചെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിശോധനയ്ക്ക് ശേഷം രാവിലെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. എഡ്വിൻ ഫ്രാൻസിസ്, കുട്ടികളുടെ ഹൃദയ ശാസ്ത്രകിയ വിഭാഗം മേധാവി ഡോ . സുനിൽ ജി.എസ്. എന്നിവരുടെ നേത്യത്വത്തിലായിരുന്നു ശസ്ത്രക്രിയ.