വൈഗയുടെ മരണം; ഫ്ളാറ്റിലെ അഞ്ചു പേരെ മണിക്കൂറുകൾ ചോദ്യം ചെയ്തു; അന്വേഷണ സംഘത്തെ മാറ്റിയേക്കും

കൊച്ചി: മുട്ടാർപുഴയിൽ 13 കാരി വൈഗ മുങ്ങിമരിച്ച കേസിൽ അന്വേഷണ സംഘത്തെ മാറ്റിയേക്കുമെന്ന് സൂചന. അതേ സമയം ഒളിവിൽ പോയ പിതാവ് സാനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിലെ അഞ്ചു പേരെ ഇന്നലെ കൊച്ചി പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു.

പത്ത് ലക്ഷം രൂപയ്ക്ക് സാനുവിൽ നിന്ന് വീട് പണയം വാങ്ങിയ ആൾ, സാനു മയങ്ങിയ അവസ്ഥയിൽ വൈഗയെ തോളിലേറ്റി കാറിലേക്ക് കൊണ്ടുപോയെന്ന് മൊഴി നൽകിയ ആൾ, ഫ്ളാറ്റിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി, വൈഗയുടെ ഫ്ളാറ്റിന്റെ നേരെ എതിർവശത്തുള്ള താമസക്കാരൻ, സാനുവിനും കുടുംബത്തിനുമൊപ്പം കൊല്ലൂർ മൂകാംബികയിലും മറ്റും പതിവായി തീർത്ഥാടനത്തിന് പോകാറുള്ള കുടുംബത്തിലെ അംഗം എന്നിവരാണിവർ. ഇവരിൽ ചിലരെ മുമ്പും പലവട്ടം ചോദ്യം ചെയ്തിട്ടുള്ളതാണ്. മൊഴികളിലെ വൈരുദ്ധ്യം മൂലമാണ് വീണ്ടും വിളിപ്പിക്കുന്നത്.

ഇന്നലെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്നരവരെ നീണ്ടു. വൈഗയുടെ മരണം സംഭവിച്ച മാർച്ച് മൂന്നാം വാരം കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന സിനിമാ അണിയറ പ്രവർത്തകരിൽ ചിലരെ നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇന്നലെ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി ഇവിടത്തെ ചില ഫ്ളാറ്റുകൾ ദിവസവാടകയ്ക്ക് ഉൾപ്പെടെ നൽകുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

വൈഗ കേസ് അന്വേഷണം കൊച്ചി പൊലീസ് കമ്മിഷണർക്ക് കീഴിലുള്ള സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചനയുണ്ട്. ഡി.സി.പി ഐശ്വര്യ ഡോംഗ്റെയുടെ നേതൃത്വത്തിൽ തന്നെയാവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇന്നലെ കമ്മിഷണർ സി.എച്ച് നാഗരാജു വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.

വൈഗയുടെ ശരീരത്തിൽ വിഷാംശം ഉള്ളിൽ ചെന്നതിന്റെ സൂചന പ്രാഥമിക പരിശോധനയിൽ ലഭിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് കാണിച്ചത്. ആന്തരികാവയവ പരിശോധനകൾ നടത്തുന്ന ടോക്സിക്കോളജി വിഭാഗത്തിൽ ഇനിയും ടെസ്റ്റുകൾ നടത്താനുണ്ടെന്നും അതിനു ശേഷം മാത്രമെ ശരീരത്തിനുള്ളിൽ വിഷം ചെന്നിരുന്നോ, ഇല്ലയോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും ലാബ് അധികൃതർ വ്യക്തമാക്കി.

പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനു ശേഷമാണ് ആന്തരികാവയവങ്ങളായ ആമാശയം, കരൾ, വൃക്ക, വൻകുടൽ തുടങ്ങിയവ രാസ പരിശോധനയ്ക്കായി നൽകിയത്. ശരീരത്തിൽ വിഷം ചെന്നിരുന്നോ, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉറക്കഗുളികയുടെയോ സാന്നിധ്യമുണ്ടോ, ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയവയാണ് ലാബിൽ പരിശോധിക്കുന്നത്.

അന്തിമ ഫലം പോലീസിന് അടുത്ത ആഴ്ച കൈമാറുമെന്നാണ് ലാബ് അധികൃതർ നൽകുന്ന സൂചന. സനു മോഹൻ തന്ത്രപരമായി സംഭവം ആസൂത്രണം ചെയ്തതാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കാണാതാകുന്നതിനു മുമ്പുതന്നെ ഇയാൾ തന്റെ ഫോൺ ഒഴിവാക്കിയതും മറ്റു ഫോണുകൾ കൊണ്ടുപോയതുമൊക്കെ ഒരു പ്ലാനിങ്ങിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.

ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹൻ ആറു മാസമായി ബന്ധുക്കളുമായി അടുപ്പം കാണിച്ചിരുന്നു. പുണെയിൽനിന്ന് അഞ്ച് വർഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും അന്നൊന്നും കുടുംബവുമായി ബന്ധപ്പെടാൻ ഒരു താത്പര്യവും കാണിച്ചിരുന്നില്ല. എന്നാൽ അടുത്തയിടെ ഓണത്തിനുൾപ്പെടെ പല തവണ ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തിയിരുന്നു. സനു അടുത്തകാലത്തായി അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ബന്ധു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകളുൾപ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാൾ പലതും മറച്ചുവെച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. വൈഗയെ സിനിമ-പരസ്യ മേഖലകളിൽ എത്തിക്കാൻ സനു മോഹൻ താത്പര്യപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇയാൾ മനപ്പൂർവം മകളെ അപായപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.