ആലപ്പുഴ: ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. രണ്ട് ഡോസ് വാക്സിൻ എടുത്തവരോ, ആർടിപിസിആർ നെഗറ്റീവ് ആയവരെ മാത്രമേ ആശുപത്രിയിൽ സന്ദർശനത്തിന് അനുവദിക്കൂവെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.
ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ, മാസ്ക് , സാനിറ്റസർ, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കേണ്ടതാണ്. ഒപി സമയം 8 മുതൽ 11 വരെയായി ക്രമീകരിച്ചു.
തുടർച്ചയായി മരുന്ന് കഴിക്കുന്നവർക്ക് ഡോക്ടർമാരുടെ ചീട്ട് പ്രകാരം പരമാവധി 2 മാസത്തേക്കുള്ള മരുന്ന് ലഭ്യത അനുസരിച്ച് ഫാർമസിയിൽ നിന്ന് നൽകും. ഇതിന് കൃത്യമായ കുറിപ്പടി സഹിതം ബന്ധുക്കൾ വന്നാൽ മതിയാകും.
ഒപികളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കണം. ചെറിയ അസുഖങ്ങൾക്ക് പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ചികിൽസ തേടണം. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വരിക.
രോഗീ സന്ദർശനം ഒഴിവാക്കുക. രോഗികളുടെ അടുത്ത് പെരുമാറുന്നതും അവരെ സ്പർശിക്കുന്നതും കഴിയുന്നതും ഒഴിവാക്കണമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.