കണ്ണൂർ: കെഎം ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അരക്കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് എംഎൽഎയുടെ വീട്ടിൽ ഇന്ന് പരിശോധന നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിലായിരുന്നു വിജിലൻസ് റെയ്ഡ്. ഷാജിക്കെതിരെ ഞായറാഴ്ച വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് റെയ്ഡ് നടന്നത്.
ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിൻ്റെ വർധനവുണ്ടായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്.
ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു.
ഷാജിക്കെതിരെ നവംബറിൽ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ എം എൽ എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.