തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്ത്. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തിൽ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അദീപ് അഭിമുഖത്തിൽ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. യോഗ്യതയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.ഒരു തസ്തികയുടെ യോഗ്യതകൾ പരിഷ്കരിക്കാൻ നടപടിക്രമങ്ങളുണ്ട്. ബന്ധപ്പെട്ട വകുപ്പിൽനിന്നുണ്ടാകുന്ന നിർദേശങ്ങൾ വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതാ പരിഷ്കാരത്തിനുള്ള ശുപാർശ തയ്യാറാക്കേണ്ടത്. ഇതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്റെയും നിയമ വകുപ്പിന്റെയും അനുമതി വേണം. പി.എസ്.സിക്കു വിട്ട തസ്തികയാണെങ്കിൽ പി.എസ്.സിയുമായും കൂടിയാലോചന നടത്തണം. ഇതെല്ലാം ലംഘിക്കപ്പെട്ടെന്നാണ് ആരോപണം.