പാലക്കാട്: പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്‍റെ എതിർവശത്താണ് അൻപതോളം വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കടപ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നൂർ പ്രദേശത്തുളളവരുടെ കാർഡുകളാണ് ഇവയിൽ അധികവും. ഇതെതുടർന്ന് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർഡുകളിൽ പുതിയ വോട്ടർമാരുടെ കാർഡുകൾക്ക് പുറമെ പുതുക്കിയ കാർഡുകളും ഉണ്ടായിരുന്നു. പുതുക്കാൻ നൽകിയ ആളുകളുടെ പഴയ കാർഡുകളും കൂട്ടത്തില്‍ ഉണ്ടായിരുന്നു. കാർഡുകൾ കണ്ടെത്തിയതിന് പിന്നാലെ തന്നെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി.
ഉദ്യോഗസ്ഥർ കാർഡുകൾ മനപൂർവ്വം വിതരണം ചെയ്യാതെ ഉപേക്ഷിച്ചതാണെന്നാണ് ആരോപണം. തോൽവിയിൽ വിറളി പൂണ്ട സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഇത്തരത്തിലുള്ള ശ്രമങ്ങൾ നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു.അതേസമയം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പഴയ കാർഡുകൾ ആണെന്നാണ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിശദീകരണം.
വിവാദമായ മറ്റൊരു സംഭവത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയത് അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നേതാക്കൾക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചത്. ഇക്കാര്യം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കും. വിഷയം പരിശോധിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ പോസ്റ്റര്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ കൊടുത്ത സംഭവം അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തെക്കുറിച്ച് സ്ഥാനാര്‍ഥിയുമായി സംസാരിച്ചു.
വിഷയം പരിശോധിക്കാന്‍ കെപിസിസി നേതൃത്വത്തില്‍ അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗതയില്‍ അന്വേഷണം നടത്തും. ഇത് ഒറ്റപ്പെട്ട സംഭവമാണോ ഇതിന് പിന്നില്‍ ഏതെങ്കിലും നേതാക്കന്മാര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.