ഛണ്ഡീഗഡ്: കേന്ദ്ര സർക്കാർ കർഷക സമരത്തെ ഷഹീൻബാഗ് പ്രക്ഷോഭം നേരിട്ട പോലെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കാർഷിക നിയമം പിൻവലിച്ചാൽ മാത്രമേ കർഷകർ വീടുകളിലേക്ക് മടങ്ങൂവെന്ന് ടിക്കായത്ത് വ്യക്തമാക്കി. കർഷകർ കൊറോണ പ്രോട്ടോക്കോൾ പാലിച്ചാണ് സമരം നടത്തുന്നത്. വേണ്ടി വന്നാൽ ഈ സമരം 2023 വരെ തുടരുമെന്നും രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നൽകി.
നേരത്തെ പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിലൂടെ പ്രശസ്തിയാർജിച്ചിരുന്നു ഷഹീൻബാഗ്. നിരവധി പേർ മാസങ്ങളോളം ഇവിടെ സമരം ചെയ്തിരുന്നു. മാർച്ച് 24നാണ് ഈ വേദി ഒടുവിൽ ഡെൽഹി പോലീസ് ഒഴിപ്പിച്ചത്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേന്നായിരുന്നു തീരുമാനം.
കർഷകർക്ക് നഷ്ടം മാത്രം ഉണ്ടാക്കുന്നതാണ് കാർഷിക നിയമമെന്ന് ടിക്കായത്ത് പറഞ്ഞു. സർക്കാർ കൊറോണയെ കുറിച്ചാണ് പറയുന്നത്. എന്നാൽ ഞങ്ങളെ ഷഹീൻബാഗ് സമരക്കാരെ പോലെ നേരിടരുതെന്നാണകേന്ദ്രത്തോട് പറഞ്ഞിട്ടുള്ളത്. ഈ സമരം ആ നിയമം പിൻവലിക്കുന്നത് വരെ തുടരും. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ ഞങ്ങൾക്കറിയാം.
ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരും. 2023 വരെ സമരം നീട്ടേണ്ടി വന്നാൽ, അതിനും തയ്യാറാണ്. താങ്ങുവിലയുടെ കാര്യത്തിൽ അടക്കം കൃത്യമായ തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ വീടുകളിലേക്ക് മടങ്ങില്ലെന്നും ടിക്കായത്ത് പറഞ്ഞു. സർക്കാരുമായി സംസാരിക്കാൻ കർഷകർ തയ്യാറാണെന്ന് ഒരിക്കൽ കൂടി അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു.