കന്യാസ്ത്രീകളെ ആക്രമിച്ച കേസ്; മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു

ലക്നൗ: കന്യാസ്ത്രീകള്‍ക്ക് എതിരായി ഉത്തർപ്രദേശിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം. എബിവിപി നേതാവ് അജയ് ശങ്കർ തിവാരി, രാഷ്ട്രീയ ഭക്ത് സംഘട്ടൻ പ്രസിഡന്‍റ് അഞ്ജൽ അർജാരിയ, ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറി പുർഗേഷ് അമാരിയ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കൂടുതൽ വാദത്തിനായി കേസ് ഏപ്രിൽ 22ലേക്ക് മാറ്റി.

വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഹിന്ദു സംഘടന പ്രവർത്തകരായ അഞ്ചൽ അർചാരിയാ, പുർഗേഷ്, അജയ് ശങ്കർ തിവാരി എന്നിവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാൻസി പൊലീസ് സൂപ്രണ്ടിൻ്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയെ പ്രതിരോധത്തിൽ ആക്കിയിരുന്നു.

സംഭവത്തിൽ ക്രൈസ്തവ സഭകൾ ശക്തമായ പ്രതിഷേധിച്ചതിന് പിന്നാലെ കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്‍റെ പ്രതികരണം.