ലണ്ടൻ: ഓഫീസ് പൂട്ടി ബ്രിട്ടനിലെ മ്യാൻമർ അംബാസിഡറെ പുറത്താക്കിയതായി റിപ്പോർട്ട്. ക്യാവ് സ്വാർ മിന്നിനെയാണ് ജീവനക്കാർ ഓഫീസിൽനിന്നും പുറത്താക്കിയത്. ഉപസ്ഥാനപതി സൈന്യത്തിനു വേണ്ടി അംബാസിഡറുടെ ചുമതല ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ആങ് സാൻ സൂചിയെ മോചിപ്പിക്കണമെന്ന് മിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതാണ് മിന്നിനെ പുറത്താക്കാൻ പട്ടാള ഭരണകൂടം നീക്കം നടത്തിയതെന്ന് പറയുന്നു. ലണ്ടനിലെ എംബസിക്കുമുന്നിൽ നിൽക്കുന്ന മിന്നിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. അട്ടിമറിയാണ് നടന്നിരിക്കുന്നത്. സൈന്യവുമായി അടുപ്പമുള്ള ജീവനക്കാർ തന്നോട് കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടു. ഇപ്പോൾ മുതൽ താൻ രാജ്യത്തിന്റെ പ്രതിനിധിയല്ലെന്ന് അറിയിച്ചെന്നും മിൻ പറഞ്ഞു.
ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതിനെത്തുടർന്ന് മ്യാൻമറിൽ സംഘർഷം നിലനിൽക്കുകയാണ്. ഇതുവരെ 581 പേരെയാണു സൈന്യം കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ കാലെ നഗരത്തിൽ പട്ടാളവും സാധാരണക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴു പേർ മരിച്ചു.