ന്യൂഡെൽഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ “മഅദനി അപകടകാരിയായ മനുഷ്യനെന്ന” നിരീക്ഷണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മഅദനി നൽകിയ അപേക്ഷ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന് കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണം എന്നായിരുന്നു സുപ്രീംകോടതിയോട് മഅദനി ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
മഅദ്നിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവിൽ താൻ പരിഗണിച്ചിരുന്നോ എന്ന സംശയം ബോബ്ഡെയ്ക്കൊപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.
ബെംഗളൂരു സ്ഫോടന കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മഅദനിക്ക് 2014 ൽ ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരു നഗരം വിട്ട് പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ഒരു ഘട്ടത്തിൽ പോലും മഅദനി ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. ചികിത്സയും സാമ്ബത്തിക ബുദ്ധിമുട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലേക്ക് പോവാനുള്ള അപേക്ഷയുമായി മഅദനി സുപ്രീംകോടതിയെ സമീപിച്ചത്.