തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായി കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടുവെന്നാണ് സ്വപ്നയുടെ മൊഴിയിലെ വെളിപ്പെടുത്തൽ. ഗൾഫിൽ മിഡിൽ ഈസ്റ്റ് കോളജിൻറെ ബ്രാഞ്ച് തുടങ്ങാനായിരുന്നു ശ്രമം.
സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജാ ഭരണാധികാരിയുമായി ചർച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു. ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നും കേരള ഹൈക്കോടതിയിൽ നൽകിയ മൊഴിയിൽ സ്വപ്ന പറയുന്നു.
ഡോളർ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇഡിക്കുള്ളത്. എന്നാൽ എപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാകുമോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. സ്പീക്കറുടെ ഭരണഘടനാ പദവിയാണ് ഇതിൽ തടസ്സം.
2017 ഏപ്രിലിൽ സ്വപ്ന ഒമാനിൽ എത്തിയിരുന്നു. ഈ സമയത്ത് എം ശിവശങ്കറും ഫ്രാൻസിൽ നിന്ന് ഒമാനിലേക്ക് എത്തിയിരുന്നു. അവിടെ വച്ച് ഇരുവരും ചേർന്ന് മിഡിൽ ഈസ്റ്റ് കോളേജിന്റെ ഡയറക്ടറായ ഖാലിദ് എന്നയാളുമായി ചർച്ച നടത്തിയതായും വിവരമുണ്ട്. ഡോളർ കടത്ത് ഇതിനെ ചുറ്റിപ്പറ്റിയാണോയെന്നും ഇ.ഡി.അന്വേഷിക്കും.