കോഴിക്കോട്: കനത്ത മത്സരം നടക്കുന്ന വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കെ കെ രമയ്ക്ക് എതിരെ മൂന്ന് രമമാർ രംഗത്ത്. പികെ രമ, കെ ടി കെ രമ എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ. ഇതിനു പുറമെ കെ കെ രമ എന്ന പേരുള്ള അപരകൂടി രംഗത്തിറങ്ങിയതോടെ യുഡിഎഫിന് തലവേദന കൂടി.
കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അപര സ്ഥാനാർത്ഥികളെ ഇറക്കുന്ന സ്ഥിരം അടവ് പാർട്ടികൾ വീണ്ടും പയറ്റുകയാണ്. കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് എതിരെ രണ്ട് റസാഖുമാർ രംഗത്തുവന്നിട്ടുണ്ട്. കാരാട്ട് റസാഖിന്റെ ശരിക്കുള്ള പേര് അബ്ദുൾ റസാഖ്. ഈ പേരുള്ള രണ്ടുപേരാണ് മത്സരിക്കുന്നത്. എം കെ മുനീറിന് എതിരെ മറ്റൊരു എം കെ മുനീർ തന്നെ കളത്തിലിറങ്ങിയിട്ടുണ്ട്.
തിരുവമ്പാടി മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരിൽ അപരനുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയ മുഹമ്മദുണ്ട്. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമ്മജനുമുണ്ട് അപരൻ. പേര് ധർമ്മേന്ദ്രൻ.