തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തേയും സർക്കാരിനേയും വീണ്ടും വിമർശിച്ച് എൻഎസ്എസ്. കാനം രാജേന്ദ്രനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പരോക്ഷമായി എൻഎസ് എസിനെ വിമർശിക്കുകയാണെന്നും വിശ്വാസികൾക്ക് സർക്കാരിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജി. സുകുമാരൻ നായർ ആരോപിച്ചു.
വിശ്വാസികൾക്ക് അനുകൂലമായ ഒരു നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രി നവോത്ഥാന വേഷം കെട്ടി ആടുകയായിരുന്നു. വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമാണെന്നും എൻ.എസ്.എസ് വ്യക്തമാക്കി. നേതാക്കന്മാരുടെ പ്രസ്താവന പോലും പരസ്പര വിരുദ്ധമാണ്.
കടകംപള്ളി പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തിൽ എടുക്കുന്നില്ല. മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തിക്കൊടുക്കുമോ എന്നും എൻ.എസ്.എസ്. ചോദിക്കുന്നു. ശബരിമല സ്ത്രീപ്രവേശനം പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെയുള്ള ആയുധമാക്കാനൊരുങ്ങുമ്പോൾ സമുദായിക സംഘടനയായ എൻ.എസ്.എസും ശബരിമലയെച്ചൊല്ലി സർക്കാരിനെ വിമർശിക്കുകയാണ്.