ഭീകര സംഘടനയായ ഐസിസിലേക്ക് യുവാക്കളുടെ റിക്രൂട്ട്മെൻ്റ്;രണ്ടു വനിതകളുൾപ്പെടെ നാലു പേർക്കു കൂടി പങ്കെന്ന് എൻഐഎ

കൊച്ചി: ഭീകര സംഘടനയായ ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ടുചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ അറസ്റ്റിലായ മൂന്നു മലയാളികൾക്കു പുറമേ രണ്ടു വനിതകളുൾപ്പെടെ നാലു പേർക്കു കൂടി പങ്കുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. കേരളത്തിൽ നിന്ന് അറസ്റ്റിലായ ഡോ.റഹീസ് റഷീദ്, മുഷാബ് അനുവർ എന്നിവരെ ട്രാൻസിറ്റ് വാറണ്ടിനായി കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

കാസർകോട് സ്വദേശി തെക്കേകോലോത്ത് ഇർഷാദ്, കണ്ണൂർ ടൗൺ സ്വദേശി ഷിഫ ഹാരിസ്, കണ്ണൂർ താണയിൽ സ്വദേശി മിസ്ഹ സിദ്ദിഖ്, അഞ്ചൽ സ്വദേശി രാഹുൽ അബ്ദുള്ള എന്ന രാഹുൽ മനോഹരൻ എന്നിവരുടെ പേരുകളാണ് റിപ്പോർട്ടിലുള്ളത്. സോഷ്യൽ മീഡിയ വഴി യുവാക്കളെ ആകർഷിക്കാൻ ഒരു ഐസിസ് മൊഡ്യൂൾ സജീവമാണെന്ന് ലഭിച്ച വിശ്വസനീയമായ വിവരത്തെത്തുടർന്നാണ് എൻ.ഐ.എ അന്വേഷണം തുടങ്ങിയത്.

കേരളത്തിൽ ഒമ്പതിടങ്ങളിൽ പരിശോധന നടത്തി 16 മൊബൈലുകൾ, 17 സിം കാർഡുകൾ, പത്തു മെമ്മറി കാർഡുകൾ, എട്ട് പെൻഡ്രൈവുകൾ, രണ്ട് ഹാർഡ് ഡിസ്കുകൾ തുടങ്ങിയവ പിടിച്ചെടുത്തു.