അറ്റ്ലാന്റ: അമേരിക്കയിലെ അറ്റ്ലാന്റയിലെ വിവിധ സ്ഥലങ്ങളിലായി ഉണ്ടായ വെടിവെയ്പ്പിൽ ഏഴു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അറ്റ്ലാന്റയിലെ രണ്ട് സ്പാകളിലും ഒരു മസാജ് പാർലറിലുമാണ് വെടിവെയ്പ്പ് നടന്നത്. രണ്ട് സ്പാകളിലായി നടന്ന വെടിവെയ്പ്പിലാണ് നാലു പേർ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 30 കിലോമീറ്റർ അകലെ ചിരോക്കിലെ ഒരു മസാജ് പാർലറിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേരും മരിച്ചു.
അതേസമയം ഈ മൂന്ന് വെടിവെയ്പ്പുകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. വെടിവെയ്പ്പ് നടത്തിയെന്ന് സംശയിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മസാജ് പാർലർ ഷൂട്ടിങ് നടന്ന സ്ഥലത്ത് കറുത്ത എസ് യുവിയിൽ എത്തിയ ആയുധ ധാരിയായ ഡ്രൈവർക്കു വേണ്ടിയുള്ള തിരച്ചിലാണ് ശക്തമാക്കിയിരിക്കുന്നത്. പൊലീസ് ഇയാൾക്കു വേണ്ടി സകല കോണുകളും അരിച്ചു പെറക്കുകയാണ്.
വുഡ്ലാൻഡ് ഹിൽസിലെ വടക്ക് കിഴക്കൻ പ്രദേശത്തെ സ്പാകളിലാണ് ആദ്യം വെടിവെയ്പ്പ് നടന്നത്. ഒരേ സ്ട്രീറ്റിലുള്ള സ്പാകളിലാണ് വെടിവെയ്പുണ്ടായത്. നാലു പേർ തൽക്ഷണം മരിക്കുക ആയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സിറ്റിയുടെ വടക്കുള്ള ചിരോക്ക് കൗണ്ടിയിലെ മസാജ് പാർലറിൽ വെടിവെയ്പ്പ് ഉണ്ടായത്. ബെൽസ് ഫെറി റോഡിലുള്ള ഏഷ്യക്കാരുടെ മസാജ് പാർലറിലാണ് വെടിവെയ്പ്പ് ഉണ്ടായത്. മൂന്ന് വെടിവെയ്പ്പുകളിലുമായി നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.