പത്തു മണിക്കൂർ യാത്ര; ആറു മണിക്കൂർ കാത്തിരിപ്പ്; പൂർണഗർഭിണിയെ വയനാട് അതിർത്തിയിൽ തടഞ്ഞു; മൈസൂരിന് തിരിച്ചുപോയി

കൽപ്പറ്റ: ബെംഗളൂരുവിൽ നിന്ന് വയനാട് അതിർത്തി വഴി കേരളത്തിലേക്ക് വരാൻ ശ്രമിച്ച പൂർണഗർഭിണിയെ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു. ബെംഗളൂരുവിൽ നിന്ന് വയനാട് വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച ഒൻപത് മാസം ഗർഭിണിയായ ഷിജിലക്കാണ് ഈ അനുഭവം.

ആറ് മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തുനിന്ന ശേഷമാണ് തലശേരി സ്വദേശിനിയായ ഷിജില മടങ്ങിയത്. ബെംഗളൂരുവിൽ നിന്ന് പത്ത് മണിക്കൂർ യാത്രചെയ്താണ് ഷിജിലയും സഹോദരിയും മുത്തങ്ങയിൽ എത്തിയത്. എന്നാൽ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥർ അതിർത്തി കടക്കാൻ അനുവദിച്ചില്ല.

കണ്ണൂർ കളക്ടറേറ്റിൽ നിന്നും ചെക്പോസ്റ്റ്‌ കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചു എന്നറിയിച്ചതിനെ തുടർന്നാണ് ഇവർ മുത്തങ്ങ ചെക്പോസ്റ്റിലേക്ക് വന്നത്. എന്നാൽ കണ്ണൂർ കളക്ട്രേറ്റിൽ നിന്നും അനുമതി കത്ത് വന്നില്ലെന്ന് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

പിന്നീട് ഇവർ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ചെക്പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ഗർഭിണിയുടെ ഭർത്താവ് ആരോപിച്ചു. ഇവരുടെ കൈയിൽ കർണാടക അധികൃതരുടെ യാത്രാ അനുമതി ഉണ്ടായിരുന്നു.