കേരളം പ്രചാരണ ചൂടിലേക്ക്; ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ, പ്രചാരണം തുടങ്ങി;പിണറായി ഇന്നു മുതൽ ധർമ്മടത്ത്

കോട്ടയം: കേരളം പ്രചാരണ ചൂടിലേക്ക്.പുതുപള്ളി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് ഇന്ന് മുതൽ പ്രചാരണത്തിന് ഇറങ്ങും. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ യുവജന സംഗമം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്താണ് ഉമ്മൻചാണ്ടി പ്രചാരണം ആരംഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം സ്വന്തമാക്കിയഇടതുമുന്നണി അത് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്.

രണ്ട് ദൗത്യവുമായിട്ടാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കാൻ ഇറങ്ങുന്നത്. പുതുപ്പള്ളിയിൽ ജയിക്കുക മാത്രമല്ല, കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരേണ്ടത് കൂടി ഉമ്മൻ ചാണ്ടിയുടെ ചുമതലയാണ്. ഉമ്മൻ ചാണ്ടിക്കെതിരെ മണ്ഡലത്തിൽ ജെയ്ക് സി തോമസ് തന്നെയാണ് ഇത്തവണയും ഇറങ്ങുന്നത്.

കുടുംബയോഗങ്ങളും തിരഞ്ഞെടുപ്പ് കൺവെൻഷനുകളുമൊക്കെയായി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ആറിലും ഇടതുപക്ഷമാണ് അധികാരം പിടിച്ചത്. ജോസ് കെ മാണി മുന്നണിയിലെത്തിയതും നേട്ടമാണെന്ന് ഇടതു മുന്നണി വിലയിരുത്തുന്നു.

കഴിഞ്ഞ തവണ 27092 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിജയം. 1970 മുതൽ ഉമ്മൻ ചാണ്ടി തുടർച്ചയായി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. നേരത്തെ ക്രിസ്ത്യൻ സഭകളുടെ എതിർപ്പുകൾ അടക്കം പുതുപള്ളിയിലെ കോൺഗ്രസിനുണ്ടായിരുന്നു. ഉമ്മൻചാണ്ടി തിരിച്ചെത്തിയതോടെ അതെല്ലാം പരിഹരിച്ചിരിക്കുകയാണ്. കോൺഗ്രസിന് അതുകൊണ്ട് ആത്മവിശ്വാസമുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ധർമടത്ത് ആരംഭിക്കും. ഈ മാസം 16 വരെ മണ്ഡലത്തിൽ പ്രചാരണം തുടരാനാണ് പിണറായിയുടെ പദ്ധതി. കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയെത്തും. ഒപ്പം പ്രവർത്തകരുടെ സ്വീകരണവും ഉണ്ടാവും.

ഒമ്പത് ദിവസം തുടർച്ചയായി അദ്ദേഹം സ്വന്തം മണ്ഡലത്തിൽ ഉണ്ടാവും. ഔദ്യോഗിക പ്രഖ്യാപനം തുടങ്ങും മുൻപ് തന്നെയാണ് പിണറായി പ്രചാരണം ആരംഭിക്കുന്നത്. മണ്ഡലത്തിൽ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികൾ അടക്കം പ്ലാൻ ചെയ്തിട്ടുണ്ട്. 18 കിലോ മീറ്ററിനിടയിൽ ഒമ്പത് കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാവും.

നാളെ മുതലാണ് മണ്ഡല പര്യടനം ആരംഭിക്കുക. പ്രമുഖരുമായി പിണറായിയുടെ കൂടിക്കാഴ്ച്ചയും ഒപ്പമുണ്ടാവും. 46 കേന്ദ്രങ്ങളിലാണ് ഏഴ് ദിവസങ്ങളിലായി അദ്ദേഹം സംസാരിക്കുക. രാവിലെ പത്തിന് തുടങ്ങി വൈകീട്ട് അഞ്ചരയോടെ പരിപാടി അവസാനിക്കും. 16ന് ശേഷം മുഖ്യമന്ത്രി മറ്റ് ജില്ലകളിലേക്ക് പോകും.