അയോധ്യയിലെ രാമക്ഷേത്ര നിർമാണം;2100 കോടിയിലേറെ സമാഹരിച്ചു; സംഭാവനയായി ലഭിച്ചത് ലക്ഷ്യമിട്ടതിൻ്റെ ഇരട്ടിയോളം തുക

ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ലക്ഷ്യമിട്ടതിൻ്റെ ഇരട്ടിയോളം തുക സമാഹരിച്ച് റെക്കോഡ്. ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനായി ക്ഷേത്ര ടെസ്റ്റ് കണക്കാക്കിയിരുന്നത്. സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ. ഇതോടെ ക്ഷേത്ര നിർമാണത്തിന് പണം സ്വരൂപിക്കാൻ 44 ദിവസം നീണ്ടുനിന്ന ധനസമാഹരണം അവസാനിച്ചതായും രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ജനുവരി 15 മുതൽ ആരംഭിച്ച ധനസമാഹരണ യജ്ഞം ശനിയാഴ്ചയാണ് അവസാനിച്ചത്. എന്നാൽ ഇതിനെക്കാൾ 1,000 കോടിയോളം രൂപ അധികമായി ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവനയായി എത്തി. രാജ്യത്തെ വിദൂര ഗ്രാമങ്ങളിലെ താമസക്കാർ ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളുടെയും ഉദാരമായ സംഭാവനകളോടെയാണ് ധനസമാഹരണ യജ്ഞം അവസാനിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.

ശനിയാഴ്ച വൈകീട്ടോടെ ആകെ സംഭാവന 2,100 കോടി രൂപ കടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അധികമായി ലഭിച്ച പണം ക്ഷേത്ര ട്രസ്റ്റ് അയോധ്യയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും പണം ദുരുപയോഗപ്പെടുത്തരുതെന്നും വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്.

അധികമായി ലഭിച്ച പണം സീതയുടെ പേരിൽ ഒരു സംസ്കൃത സർവകലാശാല സ്ഥാപിക്കാനും ക്ഷേത്ര നഗരിയിൽ സൗജന്യമായി പാൽ വിതരണത്തിനായി ഒരു ഗോശാല നിർമിക്കാനും ഉപയോഗിക്കണമെന്ന് സ്വാമി പരമൻസ് ആചാര്യ പറഞ്ഞു. രാമക്ഷേത്ര സമുച്ചയം പണിയുന്നതിനുള്ള ബജറ്റ് അന്തിമല്ലെന്നും നിർമാണം പൂർത്തിയായ ശേഷം മാത്രമേ കൃത്യമായ തുക അറിയാൻ സാധിക്കുവെന്നും ക്ഷേത്ര ടെസ്റ്റ് അംഗം അനിൽ മിശ്ര വ്യക്തമാക്കി.