മധ്യപ്രദേശിൽ ബിജെപി സർക്കാരുണ്ടാക്കാൻ ലോക്ക്ഡൗൺ വൈകിപ്പിച്ചു: കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു; കമൽനാഥ്

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് വൈകാൻ കാരണമായതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ്.
അതുകൊണ്ടാണ് കൊറോണ വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗൺ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ വൈകിയെന്ന് കമൽ നാഥ് ആരോപിച്ചു.

മാർച്ച് 20ന് ലോക്ക്ഡൗൺ നടപ്പിലാക്കണമെന്ന് താൻ അഭ്യർഥിച്ചതാണ്. എന്നാൽ മാർച്ച് 23ന് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക്ഡൗൺ നടപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തതെന്നും കമൽനാഥ് കുറ്റപ്പെടുത്തി. കൊറോണ വൈറസ് മഹാമാരി രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അപ്പോഴും കേന്ദ്രം നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനം മൂലം നിരവധി സംസ്ഥാന നിയമസഭകൾ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. എന്നാൽ മധ്യപ്രദേശിലെ തന്റെ സർക്കാർ താഴെ വീഴുന്നത് വരെ പാർലമെന്റ് സമ്മേളനം തുടർന്നു. ഇതു കേന്ദ്ര സർക്കാരിന്റെ കളികൾ ആണെന്നും കമൽ നാഥ്‌ ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കെ രാജ്യത്ത് ലോക്ക് ഡൗൺ വരുന്നതിനും മുമ്പുതന്നെ മാർച്ച് എട്ടിന് ഷോപ്പിങ് മാളുകൾ, സ്കൂളുകൾ എന്നിവ അടച്ചിടാൻ നിർദ്ദേശം താൻ നൽകിയിരുന്നു. എന്നാൽ കേന്ദ്രം ഇതൊന്നും ചെവികൊണ്ടില്ല. രാജ്യം ഇത്രയും വലിയ ഭീഷണിയിൽ നിൽക്കുമ്പോഴും രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രം ചെയ്‌തെന്നും കമൽ നാഥ്‌ കുറ്റപ്പെടുത്തി.