കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി വിചാരണ കോടതി തള്ളി.സാക്ഷികളായുള്ളവരെക്കൊണ്ട് മൊഴി മാറ്റാന്‍ ദിലീപ് ശ്രമിച്ചുവെന്നും കേസില്‍ അവരെ ഭീഷണിപ്പെടുത്തിയാണ് ഇത് സാധിച്ചതെന്നും ഇതൊക്കെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്.
സിനിമാമേഖലയില്‍നിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം വിചാരണ കോടതി നിരാകരിക്കുകയായിരുന്നു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹര്‍ജി തള്ളിയതെന്നാണ് റിപ്പോര്‍ട്ട്.