തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സിഐ എസി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്. പരിക്കേറ്റവരിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്‌യു നേതാവ് എറിക് സ്റ്റീഫൻ എന്നിവരുമുണ്ട്.
വാദ്ഗാനം ചെയ്ത ജോലി നൽകാത്തതിനെ തുടർന്ന് ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് സെക്രട്ടറിയേറ്റിനു മുന്നിലെത്തി മൊട്ടയടിച്ച് പ്രതിഷേധിച്ചു. 2015ലെ ദേശീയ ഗെയിംസിൽ ജേതാക്കളായവരാണ് ആറ് വർഷമായിട്ടും ജോലി കിട്ടാത്തതിനാൽ വ്യത്യസ്‌ത സമരമുറയുമായി അണിനിരന്നത്. പിഎസ് സി പിൻവാതിൽ നിയമനം വിവാദമാകുന്ന സാഹചര്യത്തിലാണ് പുതിയ സമരമുറയുമായി ഇവർ രംഗത്തെത്തിയത്.
39 ദിവസമായി ഇവർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരിക്കുകയാണ്. ഇതുവരെ സമരക്കാരെ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഗ്രൂപ്പ് ഇനങ്ങളിലായി വെളളി, വെങ്കലം മെഡൽ ജേതാക്കളാണ് ഇവർ. ദേശീയ ഗെയിംസിൽ കളിച്ചവരെ പോലും സർക്കാർ പരിഗണിക്കുന്നില്ലെന്ന വസ്തുത കേരളത്തെ ആകമാനം ഞെട്ടിക്കുന്നതാണ്.
താരങ്ങൾക്ക് നിയമന ഉത്തരവ് നൽകിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഇ പി ജയരാജൻ അടക്കമുളളവർ ഇവരുടെ ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. അന്ന്, സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞ് സിപിഎം ഈ നിയമന പ്രഖ്യാപനത്തെ കൊട്ടിഘോഷിച്ചിരുന്നു. 27 ഒഴിവുകൾ മാത്രമേ റിപ്പോർട്ട് ചെയ്‌തിട്ടുളളൂവെന്നും 83 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്‌താൽ മാത്രമേ കായിക താരങ്ങൾക്ക് നിയമന ഉത്തരവ് കൈമാറാൻ സാധിക്കുകയുളളൂവെന്നുമാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.