ന്യൂഡെല്‍ഹി: വിഖ്യാത പോപ് സ്റ്റാര്‍ റിഹാനയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി സംഘപരിവാര്‍ അനുകൂലികള്‍. റിഹാന അര്‍ധനഗ്നയായി ഹിന്ദു ദൈവമായ ഗണപതിയുടെ ലോക്കറ്റ് ധരിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ റിഹാന ഹിന്ദു ദൈവങ്ങളെ കളിയാക്കുകയാണെന്ന ആരോപണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
റിഹാന ട്വിറ്ററിന് പുറമെ ഇന്‍സ്റ്റഗ്രാമിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് റിഹാനയ്‌ക്കെതിരായി ട്വീറ്റ് ചെയ്തിരിക്കുന്നത്. റിഹാന മനപ്പൂര്‍വ്വം ഹിന്ദു മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തോട് റിഹാനയ്ക്ക് യാതൊരു ബഹുമാനവുമില്ലെന്നാണ് ചിത്രം തെളിയിക്കുന്നത് എന്നിങ്ങനെ പോസ്റ്റിന് താഴെ നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
റിഹാന രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് കുറച്ചു ദിവസത്തിനുള്ളിലാണ് ഈ പുതിയ ഫോട്ടോ ഷൂട്ട് ചിത്രം പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചത് മുതലാണ് റിഹാന സംഘപരിവാറിന്റെ ശത്രുവായി മാറുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ ചില ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് റിഹാന ‘ഇതിനെ കുറിച്ചെന്താണ് ആരും ഒന്നും സംസാരിക്കാത്തത്’ എന്ന് ട്വീറ്റ് ചെയ്തത്.
റിഹാന ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് ടീറ്റ് റീ ട്വീറ്റ് ചെയ്തത്. റിഹാനയുടെ ഒരൊറ്റ് ട്വീറ്റു കൊണ്ട് രാജ്യത്തെ കര്‍ഷക സമരം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.അതേസമയം തീവ്ര വലത് സംഘടനയായ ഹിന്ദു വേള്‍ഡ് കൗണ്‍സില്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിച്ചതിന് ഫേസ്ബുക്കിനും, ട്വിറ്ററിനും എതിരായ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റിഹാനയുടെ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഹിന്ദു വേള്‍ഡ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.