ഭോപ്പാൽ: ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. മധ്യപ്രദേശിലെ സീധിയിൽ നിന്നും സത്നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് രാംപുരിൽ അപകടത്തിൽപെട്ടത്. രാവിലെ ഏഴരയോടെയായിരുന്നു നിയന്ത്രണം ബസ് വിട്ട് കനാലിലേക്ക് പതിച്ചത്. ബസ് പൂർണമായും കനാലിൽ മുങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. ഏഴുപേർ കനാൽ തീരത്തേക്ക് നീന്തിക്കയറിയതായും റിപ്പോർട്ട് ഉണ്ട്.
സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തൽ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കനാലിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. ട്രാഫിക് തടസം ഒഴിവാക്കാൻ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇതേതുടർന്ന് ബാൺസാഗർ അണക്കെട്ടിൽ നിന്ന് വെളളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബൻസാഗർ കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവൽ കനാലിലെ വെളളം തുറന്നുവിട്ടിരിക്കുകയാണ്.
രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.