ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ച രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി. തപോവൻ-വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ആറാം ദിവസവും തുടരുകയാണ്. 170 ആളുകളെയാണ് പ്രളയത്തെത്തുടർന്ന് കാണാതായത്.
ഋഷിഗംഗ പവർപ്രോജക്ട് സൈറ്റിൽ നിന്നും ചമോലിയിലെ മൈതാന ഗ്രാമത്തിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. എന്നാൽ ടണലിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ രക്ഷപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് നൽകുന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ ദ്വാരമുണ്ടാക്കി ടണലിനുള്ളിലേക്ക് ഓക്സിജൻ പമ്പ് ചെയ്തുവിടാനുള്ള ശ്രമവും നടത്തുന്നുണ്ട്. തുരങ്കത്തിൽ 35 പേരെങ്കിലും ഇപ്പോഴും അടകപ്പെട്ടുകിടക്കുകയാണെന്നാണ് നിഗമനം.
അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി തപോവർ മേഖലയിലെ റെയ്നി ഗ്രാമത്തിനു മുകളിലായി തടാകം രൂപപ്പെടിരുന്നു. ഇതും ആളുകളിൽ ഭീതിജനിപ്പിക്കുകയാണ്.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, ദേശീയ ദുരന്ത നിവാരണ സംഘം, സൈന്യം, പ്രദേശവാസികൾ എന്നിവരാണ് രക്ഷപ്രവർത്തനത്തിനായി രംഗത്തുള്ളത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇന്നലെ ഋഷിഗംഗയിൽ നേരിയതോതിൽ ജലനിരപ്പുയർന്നതോടെ ഉച്ചയ്ക്ക് 2:30 മുതൽ നാലുവരെ തപോവനിലെ പ്രധാനതുരങ്കത്തിലും റേനി ഗ്രാത്തിലും രക്ഷപ്രവർത്തനം നിർത്തിവച്ചിരുന്നു.