പെട്രോളിനും ഡീസലിനും 5 രൂപ കുറച്ച് അസം

ഗുവാഹത്തി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് ബിജെപി ഭരിക്കുന്ന അസം. പെട്രോളിനും ഡീസലിനും ലീറ്ററിന് അഞ്ചു രൂപ വീതം കുറയ്ക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വാസ് നിയമസഭയിൽ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിർണായക തീരുമാനം. ഭരണത്തുടർച്ച ലഭിക്കുമെന്നാണ് സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ പ്രതീക്ഷ.

മാർച്ച്-ഏപ്രിൽ മാസങ്ങളിലാകും അസമിൽ തിരഞ്ഞെടുപ്പ് നടക്കുക. മദ്യത്തിന്റെ നികുതിയിൽ അസം സർക്കാർ 25 ശതമാനം കുറവും വരുത്തി. പുതുക്കിയ നിരക്ക് അർധരാത്രിയോടെ നിലവിൽ വരും. എൻഡിഎ സർക്കാർ അധികാരത്തിലുള്ള മേഘാലയയിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി കൊൺറാഡ് കെ സാങ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൊറോണ വാക്‌സീൻ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 60 ഡോളറിന് മുകളിൽ തുടരുകയാണ്. 83 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂൺ 6 മുതലാണ് എണ്ണക്കമ്പനികൾ ഇന്ത്യയിൽ വില വർധിപ്പിച്ചു തുടങ്ങിയത്.

ജൂൺ 25ന് തന്നെ പെട്രോൾ വില 80 രൂപ കടന്നിരുന്നു. ഇതിനിടെ, കേരളത്തിൽ ആദ്യമായി പെട്രോൾ വില 90 കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. തുടർച്ചയായ അഞ്ചാം ദിവസമാണ് വില വർധിപ്പിക്കുന്നത്. കൊച്ചിയിൽ ഇന്ന് ഡീസൽ വില ലിറ്ററിന് 82 രൂപ 66 പൈസയും പെട്രോൾ വില 88 രൂപ 30 പൈസയുമാണ്.