തിരുവനന്തപുരം: സംസ്ഥാനത്തെ ഒരുവിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ ഇന്ന് പ്രഖ്യാപിച്ച സൂചന പണിമുടക്കിന് ഡയസ് നോൺ ബാധകമാക്കി സർക്കാർ. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഇതോടെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കില്ല. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്തെ അധ്യാപകരും സർക്കാർ ജീവനക്കാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്.
അക്രമങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയിൽ ഏർപ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സർവീസിൽനിന്ന് നീക്കംചെയ്യും. ഗസറ്റഡ് ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും അനുവദിക്കില്ല. വ്യക്തിക്കോ, ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നീ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ അവധി അനുവദിക്കും.
ഇതിനുപുറമെ ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ് ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിലും ജീവനക്കാർക്ക് അവധി അനുവദിക്കുക. ജില്ലാ കളക്ടർമാരും വകുപ്പുതല മേധാവികളും പണിമുടക്കിൽ പങ്കെടുക്കാത്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജീനക്കാർക്ക് ഓഫീസുകളിൽ എത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു.