നിക്ഷേപ തട്ടിപ്പ്: പ്രമുഖ വ്യവസായി സി സി വില്യംസിനെ ഇഡി അറസ്റ്റു ചെയ്തു

കൊച്ചി: നിക്ഷേപ തട്ടിപ്പു കേസിൽ പ്രമുഖ വ്യവസായിയും ബിആർഡി കമ്പനി ഗ്രൂപ് ചെയർമാനുമായ സി സി വില്യംസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തു. വിദേശത്തു നിന്ന് ഒമ്പതു കോടി രൂപ നിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്. കുന്നംകുളം സ്വദേശിയായ സിസി വില്യംസിന്റെ സ്ഥാപനം 15 മുതൽ 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.

ഓഹരി നിക്ഷേപമെന്ന പേരിൽ ജനങ്ങളിൽ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ദിവസം ബിആർഡി ഗ്രൂപ്പിന്റെ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ വില്യംസിനെ ഏഴു ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടുനൽകി.