ചെന്നൈ: ഗബ്ബയിലും, സിഡ്‌നിയിലും നാലാം ഇന്നിങ്‌സില്‍ ചെറുത്ത് നിന്ന് എത്തിയ ഇന്ത്യക്ക് ചെന്നൈയില്‍ പിഴച്ചു. ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സ് 192ല്‍ അവസാനിച്ചു.
ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്‍പിലെത്തി. ജാക്ക് ലീച്ചും, ആന്‍ഡേഴ്‌സനും വിക്കറ്റ് വേട്ടയുമായി നിറഞ്ഞതോടെ സമനില എന്ന സാധ്യച ഇന്ത്യയുടെ കൈകളില്‍ നിന്ന് അകലുകയായിരുന്നു. 72 റണ്‍സ് എടുത്ത നിന്ന നായകന്‍ വിരാട് കോഹ് ലി ഇന്ത്യന്‍ സ്‌കോര്‍ 179ല്‍ നില്‍ക്കെ മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.
ജാക്ക് ലീച്ച് നാലും, ആന്‍ഡേഴ്‌സന്‍ മൂന്നും, ഡോം ബെസ്, ബെന്‍ സ്‌റ്റോക്ക്‌സ്, ആര്‍ച്ചര്‍ എന്നിവര്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 75 റണ്‍സ് നേടിയ കോഹ് ലിയും 50 റണ്‍സ് എടുത്ത ഗില്ലിനുമല്ലാതെ മറ്റൊരു ഇന്ത്യന്‍ മുന്‍ നിര ബാറ്റ്‌സ്മാനും പിടിച്ചു നില്‍ക്കാനായില്ല.
ഓസ്‌ട്രേലിയയില്‍ ചരിത്ര വിജയം നേടി ഫേവറിറ്റുകളായി ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ കാര്യങ്ങള്‍ പിഴച്ചു. ടോസ് കിട്ടിയതോടെ ആദ്യ രണ്ട് ദിനത്തിലെ ബാറ്റിങ് ഇംഗ്ലണ്ടിന് എളുപ്പമായി. 578 റണ്‍സിന് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് പുറത്തായപ്പോള്‍ 337 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ മറുപടി.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്റെ ബൗളിങ് മികവില്‍ 178 റണ്‍സിന് ഇന്ത്യ സന്ദര്‍ശകരെ ചുരുട്ടികെട്ടി. പക്ഷേ ചെന്നൈയിലെ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. 13ന് ഫെബ്രുവരിയിലാണ് രണ്ടാം ടെസ്റ്റ്.