അമരാവതി: കഞ്ചാവിന് അടിമയായ മകനെ കൊലപ്പെടുത്തി അമ്മ. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ വല്ലെപ്പ് സിദ്ധാർഥ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇയാളുടെ അമ്മ സോംലതയ്ക്കായി (43) പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച് ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ സോംലത മകനുമൊത്ത് ഒരു വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ഭർത്താവ് നേരത്തെ തന്നെ മരിച്ചു. അതുകൊണ്ട് തന്നെ സോംലതയുടെ അധ്വാനം മാത്രമായിരുന്നു വരുമാന മാർഗം.
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഇവരുടെ മകൻ സിദ്ധാർഥ കഞ്ചാവിന് അടിമയും. ലഹരിക്കുള്ള പണത്തിനായി ഇയാൾ പലപ്പോഴും അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ച് പൊലീസ് പറയുന്നു.
കൊലപാതകം നടന്ന ഇക്കഴിഞ്ഞ ശനിയാഴ്ചയും അമ്മയും മകനും തമ്മിൽ വലിയ വഴക്ക് നടന്നിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. ഇതിനു ശേഷം ‘ഒടുവിൽ അവനെ ഒഴിവാക്കി’ എന്ന് പറഞ്ഞുകൊണ്ട് സോംലത വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. സംശയം തോന്നി നോക്കിയ അയൽക്കാരാണ് സിദ്ധാർഥയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇവർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ നഗരമ്പാലം പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാഹചര്യത്തെളിവുകൾ മാത്രം അടിസ്ഥാനമാക്കിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവശേഷം ഒളിവിൽ പോയ സോംലതയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.