ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ ഹൈക്കമാൻഡ് പരിഗണിക്കുന്നു. ഫെബ്രുവരി 15-ന് ഗുലാംനബി ആസാദിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. നിലവിൽ കോൺഗ്രസിന് കേരളത്തിൽ മാത്രമാണ് ജയസാധ്യതയുള്ള സീറ്റ് ഒഴിവുള്ളത്. അതിനാൽ കെപിസിസിയുമായി ആലോചിച്ച് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും.
കോൺഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവാണ് ഗുലാം നബി ആസാദ്. നിലവിൽ കശ്മീരിൽനിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. എന്നാൽ ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി. ഇതോടെയാണ് മറ്റൊരു സംസ്ഥാനത്തുനിന്ന് ആസാദിനെ രാജ്യസഭയിൽ എത്തിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് ആലോചിക്കുന്നത്.
ഏപ്രിൽ 21-നാണ് കേരളത്തിൽ മൂന്ന് രാജ്യസഭാ സീറ്റുകൾ ഒഴിവു വരുന്നത്. വയലാർ രവിയുടെ രാജ്യസഭാ അംഗത്വ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്. ഈ സീറ്റ് ലഭിക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസാദിനെ രാജ്യസഭയിലെത്തിക്കാൻ ഹൈക്കമാൻഡ് പദ്ധതിയിടുന്നത്.
രാജ്യസഭ കക്ഷി നേതാവ് ആയതിനാൽ തന്നെ ആസാദിനെ വീണ്ടും രാജ്യസഭയിൽ എത്തിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് 23 തിരുത്തൽവാദി നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. ഇതിൽ പ്രധാനിയാണ് ഗുലാം നബി ആസാദ്.
ഗുലാംനബി ആസാദിനെ വീണ്ടും രാജ്യസഭയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിൽ ചില തർക്കങ്ങളുമുണ്ട്. എന്നാൽ ആസാദിന് വീണ്ടും അവസരം നൽകണമെന്ന് ഉന്നയിക്കുന്നവരുമുണ്ട്.1980 മുതൽ തുടർച്ചയായി പാർലമെന്റ് അംഗമായിരുന്നു ഗുലാം നബി ആസാദ്.
രണ്ടു തവണ ലോക്സഭയിലും അഞ്ചുതവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്. അതേസമയം, ഗുലാം നബി ആസാദിനെ മാറ്റി നിർത്തി മല്ലികാർജുൻ ഖാർഗെയെ രാജ്യസഭാ കക്ഷി നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കെസി. വേണുഗോപാലിനെ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്തിച്ച മാതൃക ആസാദിന്റെ കാര്യത്തിലും നടപ്പാക്കാനാണ് തീരുമാനം.