കൊച്ചി: ലോക്ക്ഡൗണിൽ ഗോവ മഡ്ഗാവിൽ കുടുങ്ങിയ മലയാളികൾ പട്ടിണിയും ദുരിതവുമായി എന്തു ചെയ്യണമെന്നറിയാതെ വലയുന്നു. ഗോവയിലെ മഡ്ഗാവിൽ സ്വകാര്യ സ്പായിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ സ്വദേശി ഹരി എ.ആർ, കൊല്ലം സ്വദേശിനി കൃഷ്ണപ്രിയ, ആലപ്പുഴ സ്വദേശിനി ശിൽപ ശശി, കോട്ടയം സ്വദേശിനി ധന്യ പി.എസ് എന്നിവരാണ് ലോക്ക്ഡൗണിൽ കുടുങ്ങിയത്.
ഗോവൻ സ്വദേശികളായ വ്യാപാരികൾ മലയാളികളായ ഇവരോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്. അവശ്യ സാധനങ്ങൾക്ക് പോലും മലയാളികളോട് ഇരട്ടി വിലയാണ് വാങ്ങുന്നത്. ചോദ്യം ചെയ്താൽ മർദ്ദനവും. പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമമാണ്. വല്ലപ്പോഴും കിട്ടിയാൽ തന്നെ തീവിലയാണ്.
പെരുമ്പാവൂർ സ്വദേശിയായ ഹരിയുടെ അനുഭവം ഇങ്ങനെ: ”കൊതുക് തിരി വാങ്ങാൻ തൊട്ടടുത്ത കടയിലെത്തിയതായിരുന്നു. 25 രൂപയുടെ തിരിക്ക് 50 രൂപ വാങ്ങി. ഇതു ചോദ്യം ചെയ്തതിന് മർദ്ദിക്കുകയായിരുന്നു. അവശ്യ സാധനങ്ങളായ അരിക്കും പച്ചക്കറിക്കുമെല്ലാം തീവിലയാണ്. കേരളത്തിലേതുപോലെ സർക്കാർ സഹായങ്ങളൊന്നുമില്ല”. ഹരി ജോലി ചെയ്യുന്ന സ്പായിൽ 4 പേർ കുടുങ്ങി കിടക്കുന്നുണ്ട്.
ഇവർ ജോലിക്ക് കയറി 12 ദിവസം കഴിഞ്ഞപ്പോൾ ലോക്ക് ഡൗൺ തുടങ്ങി. 12 ദിവസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്. പലരും ശമ്പളം വീട്ടിലേക്കയച്ചു. എല്ലാവരും വീട് വിട്ട് നിൽക്കുന്നതു പോലും ആദ്യമായാണ്. നിത്യ ചെലവിനും മറ്റുമായി സ്ഥാപന ഉടമ പണം നൽകിയിരുന്നു അതും തീർന്നു. രണ്ടു ദിവസത്തേക്കുള്ള സാധനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ രണ്ടു നേരം ഭക്ഷണം കഴിച്ചാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ മുഴു പട്ടിണിയിലേക്ക് നീങ്ങുമെന്ന് ഇവർ പറയുന്നു.
നാട്ടിലെത്തി ക്വാറൻ്റൈനിൽ നിൽക്കാൻ തയ്യാറാണ്. ആശുപത്രിയിലോ വീട്ടിലോ നിൽക്കാം. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതി. ഗോവയിൽ മുറി വാടക വളരെ കൂടുതലാണ്. താമസത്തിനുള്ള ചെറിയ മുറികൾക്ക് പോലും 15000 മുതലാണ് വാടക.
ഇവരേ കൂടാതെ നൂറോളം മലയാളികൾ ഗോവയിൽ കുടുങ്ങിയിട്ടുണ്ട്.