ന്യൂഡെൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് ശിരോമണി അകാലിദളും. കാർഷിക നിയമങ്ങൾ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് നേരത്തെ 16 പാർട്ടികൾ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.
കോണ്ഗ്രസ്, എൻസിപി, ജെകെഎൻസി, ഡിഎംകെ, തൃണമൂൽ കോണ്ഗ്രസ്, ശിവസേന, സമാജ് വാദി പാർട്ടി, ആർജെഡി, കേരള കോണ്ഗ്രസ് (എം),സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആർഎസ്പി, പിഡിപി, എംഡിഎംകെ, എഐയുഡിഎഫ് എന്നീ പ്രതിപക്ഷ പാർട്ടികളാണ് സംയുക്തമായി രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുന്നത്.
സംയുക്ത പ്രതിപക്ഷത്തിന്റെ ഒപ്പം അല്ലെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും ഭരണഘടനയുടെ ഫെഡറൽ അന്തസത്തയ്ക്കു നിരക്കാത്തതുമാണ്.
നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ അവ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കും. സർക്കാർ സംഭരണവും മിനിമം താങ്ങുവിലയും പൊതുവിതരണ സന്പ്രദായവും തന്നെ ഇല്ലാതാകും.
സംസ്ഥാനങ്ങളുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്താതെയാണ് സർക്കാർ കാർഷിക നിയമങ്ങൾ കൊണ്ടു വന്നത്. കർഷക സംഘടനകളുമായി ചർച്ച ചെയ്യുകയോ ഇക്കാര്യത്തിൽ ഒരു ദേശീയ സമവായം രൂപീകരിക്കുകയോ ചെയ്തിട്ടില്ല. പാർലമെന്റ് ചട്ടങ്ങളെ തന്നെ മറികടന്നാണ് ബില്ലുകൾ പാസാക്കിയത്. പ്രതിപക്ഷത്തെ ബലപ്രയോഗത്താൽ അകറ്റി നിർത്തിയുമാണ് ബില്ലുകൾ പാസാക്കി എടുത്തത്. ഈ നിയമങ്ങളുടെ ഭരണഘടന സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.