ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ഹർജിയിൽ എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സിബിഐ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലും കോടതി നോട്ടീസ് അയച്ചു.

നാല് ആഴ്ചയാണ് നോട്ടീസിന് മറുപടി നൽകാൻ കോടതി എതിർകക്ഷികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥാണ് ഹാജരായത്. ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് അദ്ദേഹം വാദിച്ചു.

സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയും എൻഐഎയും പോലുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനായി സംസ്ഥാനങ്ങളിൽ എത്തുന്നത് ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യം കോടതി പരിഗണിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
പദ്ധതിക്ക് വിദേശ സംഭാവന സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ വാങ്ങിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

കോൺഗ്രസ് എംഎൽഎ അനിൽ അക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസ് റെജിസ്റ്റർ ചെയ്തത്. ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥും സ്റ്റാന്റിങ് കോൺസൽ ജി പ്രകാശും വാദിച്ചു.