ന്യൂഡെൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ചതും മരണം റിപ്പോർട്ട് ചെയ്തതും കഴിഞ്ഞ 24 മണിക്കൂറിനിടയിലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. വൈകുന്നേരം വരെ 773 പേർക്കു കൊറോണ സ്ഥിരീകരിച്ചപ്പോൾ, 32 പേർക്കു ജീവൻ നഷ്ടമായി. രാജ്യത്തു കൊറോണ ബാധിച്ചവരുടെ എണ്ണം ഇന്ന് 5000 കടന്നു. 5194 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4643 പേർ നിലവിൽ ചികിത്സയിലാണ്. 401 പേർ അസുഖം മാറി ആശുപത്രി വിട്ടു. 149 പേരാണ് ഇതുവരെ മരിച്ചത്.
രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു തയാറെടുപ്പുകളും വർധിപ്പിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹൈഡ്രോക്സി ക്ലോറോക്വീന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇന്ത്യയ്ക്ക് ആവശ്യമായ കരുതൽ ഉണ്ടെന്നും സാഹചര്യം മാറിയാലും പ്രശ്നമുണ്ടാകില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.. മരുന്ന് നിർമാണഘടകങ്ങളുടെ ശേഖരവും മതിയായ അളവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതേവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ. ഇന്നലെ മാത്രം പരിശോധിച്ചത് 13345 സാംപിളാണ്.