അയൽവാസി പീഡിപ്പിച്ച് മുൾക്കാട്ടിൽ വലിച്ചെറിഞ്ഞ 13 കാരി ഗുരുതരാവസ്ഥയിൽ

ബേതുൽ (മധ്യപ്രദേശ്): പിതാവിൻ്റെ സുഹൃത്തിയ അയൽവാസി പീഡിപ്പിച്ച ശേഷം മുൾക്കാട്ടിലേക്കു വലിച്ചെറിഞ്ഞ 13 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. ആന്തരാവയവങ്ങൾക്കേറ്റ പരുക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുർ മെഡിക്കൽ കോളജിലേക്കു മാറ്റി. ഭാരമുള്ള കല്ല് എറിഞ്ഞതിന്റെ പരുക്കുമുണ്ട്. ബേതുലിലെ സർനിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.

പ്രതിയായ അയൽക്കാരനെതിരെ കേസെടുത്തു. തിങ്കളാഴ്ച 5 മണിക്കു വീട്ടിൽനിന്നിറങ്ങിയ കുട്ടി ഇരുട്ടു വീണിട്ടും കൃഷിയിടത്തിൽ നിന്നു തിരികെയെത്താതിരുന്നതിനെ തുടർന്നു മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണു മുൾച്ചെടിക്കൂട്ടത്തിനിടയിൽ നിന്നു കരച്ചിൽ കേട്ടത്.

കുട്ടിയെ പീഡിപ്പിച്ചു മുൾക്കാട്ടിലെറിഞ്ഞശേഷം കല്ലെറിയുകയായിരുന്നു. അർധ ബോധാവസ്ഥയിലായിരുന്ന ബാലിക വിവരങ്ങൾ മാതാപിതാക്കളോടു പറഞ്ഞതിനാൽ പ്രതിയെ തിരിച്ചറിയാനായി.