ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു; ‘താണ്ഡവ് ‘ നിരോധിക്കണമെന്ന് ബിജെപി

മുംബൈ : താണ്ഡവ് വെബ് സീരീസ് ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കൾ. താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തെഴുതി. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ഉൾപ്പെടെയുള്ള താരനിര അണിനിരന്ന ആമസോൺ പ്രൈമിലെ വെബ് സീരീസ് നിരോധിക്കണമെന്നാണ് ആവശ്യം.

അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകൻ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം‌എൽ‌എ രാം കദം മുംബൈ ഘട്കോപർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തെന്നു കൊട്ടക് ആരോപിച്ചു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെൻസർഷിപ്പിന്റെ അഭാവമുള്ളതിനാൽ ഹിന്ദു വികാരങ്ങൾ ആവർത്തിച്ച് ആക്രമിക്കപ്പെടുകയാണ്. ഒടിടിയിൽ അടുത്തിടെ സംപ്രേഷണം ചെയ്ത പരിപാടികളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്, പീഡനം, വെറുപ്പ്, അശ്ലീലത എന്നിവ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.