ഇന്ത്യന്‍ വംശജന്‍ വിദുര്‍ ശര്‍മ്മ യുഎസിലെ കൊറോണ പരിശോധനാ ഉപദേഷ്ടാവ്

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ ഹെൽത്ത് പോളിസി വിദഗ്ധൻ വിദുർ ശർമ്മയെ അമേരിക്കയിലെ കൊറോണ റെസ്പോൺസ് ടീമിന്റെ ടെസ്റ്റിങ് ഉപദേശകനായി നിയമിച്ചു. നിയുക്ത പ്രസിഡൻറ് ജോ ബൈഡനാണ് വിദുർ ശർമ്മയുടെ പേര് നിർദ്ദേശിച്ചത്.

കൊറോണ യ്ക്കെതിരെ പ്രതിരോധിക്കുന്നതിനായി രാജ്യത്തുടനീളമുള്ള കുത്തിവയ്പ്പ് ശക്തമാക്കുന്നതിൻറെ ഭാഗമായാണ് നിയമനം. പോളിസി അഡൈ്വസറായി വിദുർ ശർമ്മയെ നിയമിച്ച കാര്യം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഒബാമയുടെ ഭരണകാലത്ത് ഹെൽത്ത് പോളിസി അഡൈ്വസറായി സേവനമനുഷ്ടിച്ചയാളാണ് വിദുർ ശർമ്മ.

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറി പാർത്തവരാണ് വിദുർ ശർമ്മയുടെ മാതാപിതാക്കൾ. വിസ്കോൺസിനിൽ ജനിച്ച ശർമ്മ പിന്നീട് മിനസോട്ടയിലേക്ക് മാറി. ഹാർവാർഡ് ടി.എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, സെന്റ് ലൂയിസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.