ഇന്ത്യയുടെ തേജസ്, ജെഎഫ്-17 പോര്‍വിമാനത്തേക്കാള്‍ മികച്ചതെന്ന് റിപ്പോർട്ട്

ന്യൂഡെൽഹി: ഇന്ത്യൻ പ്രതിരോധസേനയ്ക്ക് കൂടുതൽ കരുത്തേകാനെത്തുന്ന തേജസ് ലഘു പോർവിമാനങ്ങൾ ചൈന-പാകിസ്താൻ ജെഎഫ്-17 യുദ്ധവിമാനങ്ങളേക്കാൾ സാങ്കേതികമായി ഏറെ മികച്ചവയെന്ന് വ്യോമസേനാമേധാവി ആർകെഎസ് ഭദൗരിയ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് 83 തേജസ് വിമാനങ്ങൾ കൂടി വ്യോമസേനയുടെ ഭാഗമാക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാലക്കോട്ട് സമാന ആക്രമണത്തിന് കൂടുതൽ സജ്ജമാണ് തേജസ് വിമാനങ്ങളെന്നും ഭദൗരിയ കൂട്ടിച്ചേർത്തു. ആസ്ട്ര ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങളാൽ തേജസ് വിമാനങ്ങൾ സായുധീകരിക്കുമെന്ന് വ്യോമസേനാ മേധാവി അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എയർ-ടു-എയർ മിസൈലുകളാണ് ആസ്ട്ര.

കൂടുതൽ കൃത്യതയും വ്യക്തതയുമാർന്ന റഡാർ സംവിധാനം ആസ്ട്രയുടെ സവിശേഷതയാണ്. ചൈന-പാകിസ്താൻ സംയുക്ത സംരംഭത്തിൽ നിർമിച്ച ജെഎഫ്-17 ഫൈറ്ററുകളേക്കാൾ പ്രവർത്തനക്ഷമത കൂടിയവയാണ് തേജസ് വിമാനങ്ങളെന്നും ഭദൗരിയ പറഞ്ഞു.

തേജസിന്റെ വരവോടെ ബാലക്കോട്ട് ആക്രമണ സമയത്തേക്കാൾ സായുധ സന്നദ്ധമാണ് പ്രതിരോധസേനയെന്ന് ഭദൗരിയ പറഞ്ഞു. 48,000 കോടി രൂപയ്ക്കാണ് 83 തേജസ് പോർവിമാനങ്ങൾ വാങ്ങാൻ വ്യാഴാഴ്ച കേന്ദ്രസർക്കാർ അനുമതി നൽകിയത്. തദ്ദേശീയമായി നിർമിക്കുന്ന തേജസ് വിമാനങ്ങൾ അത്യാധുനിക സംവിധാനങ്ങളാൽ സജ്ജമാണ്. ഇന്ത്യയുടെ പ്രതിരോധമേഖലയിലെ ബൃഹത്തായ ചുവടുവെയ്പാണ് തേജസ് വിമാനങ്ങളടെ തദ്ദേശീയ നിർമാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.