കോട്ടയം: മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധ മൂലം കോട്ടയത്ത് ഒരാൾ മരിച്ചതോടെ കൊറോണ കാലത്തെ മറ്റൊരു ആരോഗ്യ പ്രശ്നത്തിന്റെ ആശങ്കയിൽ കേരളവും. അപൂർവമായ ഫംഗസ് (പൂപ്പൽ) രോഗമായ മ്യൂക്കർമൈക്കോസിസ് ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ ശേഷി കുറയുന്നവരിൽ കാണപ്പെടുന്ന മ്യൂക്കർ മൈക്കോസിസ് ഫംഗസ് രോഗം കൊറോണ പോസിറ്റീവ് ആകുന്നവരിൽ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രോഗബാധ പുതിയതല്ലെങ്കിലും കൊറോണ പോസിറ്റീവ് ആകുന്നവരിൽ കാണപ്പെടുന്നതാണ് പുതിയ കാലത്ത് മ്യൂക്കർമൈക്കോസിസിനെ ശ്രദ്ധയിൽ എത്തിക്കുന്നത്.
കാർന്നു തിന്നുന്ന പൂപ്പൽ
മേശപ്പുറത്ത് വെറുതെയിരിക്കുന്ന ബ്രെഡ് പൂപ്പൽ ബാധിക്കുന്നത് കണ്ടിട്ടില്ലേ. ഇതു തന്നെയാണ് മനുഷ്യ ശരീരത്തിലെയും പൂപ്പൽ രോഗം. മ്യൂക്കർമൈക്കോസിസ് ഇത്തരത്തിലുള്ള അപൂർവ രോഗമാണ്. അന്തരീക്ഷത്തിലും മണ്ണിലുമെല്ലാം പൂപ്പൽ ഉണ്ട്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയിൽ ഇതു കോശങ്ങളെ ബാധിക്കുമ്പോഴാണ് അപകടമുണ്ടാക്കുന്നത്.
കോശങ്ങളെ പൂപ്പൽ തിന്നു തീർക്കുന്നു. യഥാസമയം രോഗം കണ്ടെത്തിയില്ലെങ്കിൽ മരണ കാരണം വരെയാകാറുണ്ട് മ്യൂക്കർമൈക്കോസിസ്. തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിച്ചാൽ രോഗം ഗുരുതരമാകുന്നു.
കൊറോണ കാലത്തെ രോഗം
കൊറോണ പോസിറ്റീവ് ആകുന്നവരിലെ സ്റ്റിറോയ്ഡ് ഉപയോഗമാണ് മ്യൂക്കർമൈക്കോസിസ് ബാധിക്കാനുള്ള ഒരു കാരണം. ഏറ്റവും കുറച്ച് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെയും മറ്റു മെഡിക്കൽ സംഘടനകളുടെയും നിർദേശം. എന്നാൽ കൊറോണ നിശ്ചിത കാലത്തിന് അപ്പുറത്തേക്ക് നീളുന്നതും ന്യൂമോണിയ ബാധയുമെല്ലാം സ്റ്റിറോയ്ഡിന്റെ ഉപയോഗം വർധിപ്പിക്കുന്നു. ഇത് പ്രതിരോധ ശേഷി ഇല്ലാതാക്കുന്നു.
നിയന്ത്രണാതീതമായ പ്രമേഹമുള്ളവരും ‘ഹൈ റിസ്ക്’ വിഭാഗത്തിലാണ്. ആരോഗ്യമുള്ളവരിൽ സാധാരണ ഗതിയിൽ ഈ രോഗം കാണാറില്ല. അപകടത്തിൽ കോശങ്ങൾ ചതഞ്ഞ് പോകുന്ന അവസ്ഥയിൽ എത്തിയവർക്കും ഇത്തരത്തിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.
മരുന്ന് എത്താനുള്ള വഴി തടയും
രോഗബാധയുണ്ടായാൽ ശരീരത്തിലെ ഒരു പ്രദേശത്ത് ആകെ ബാധിക്കും. ഇതു വേഗത്തിൽ പടരുകയും കോശങ്ങളെ ജീർണിപ്പിക്കുകയും ചെയ്യും. രക്തധമനികളിൽ ബാധിക്കുന്നതതോടെ ശരീരത്തിന്റെ ആ ഭാഗത്തേക്ക് രക്തയോട്ടം ഇല്ലാതാകും. ശരീരത്തിൽ കുത്തിവയ്ക്കുന്ന മരുന്ന് മറ്റു ഭാഗത്തേക്ക് എത്തുന്നതു പോലും ഇതു തടയും.
കണ്ടെത്താൻ താമസിക്കുന്നു
കണ്ടെത്താൻ താമസിക്കുന്നതാണ് മ്യൂക്കർമൈക്കോസിസിനെ അപകടകാരിയാക്കുന്നത്. രോഗബാധ എവിടെ എന്നതിനനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റം വരാം. മൂക്ക്, കണ്ണ് ഭാഗത്താണെങ്കിൽ തലവേദന, മുഖം തടിച്ച് നീരു വരിക എന്നീ ലക്ഷണങ്ങൾ കാണിക്കും. ശ്വാസകോശത്തെ ബാധിക്കുകയാണെങ്കിൽ ചുമ, ജലദോഷ ലക്ഷണങ്ങള്‍ എന്നിവയാകും ആദ്യമുണ്ടാകുക.
വേഗത്തിൽ കണ്ടെത്തുകയും മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനു മുൻപ് ചികിത്സ ആരംഭിക്കുകയും ചെയ്യുകയാണ് പ്രധാനം. കാന്‍സർ ചികിത്സ പോലെ ഫംഗസ് ബാധിച്ച കോശങ്ങളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ കൂടുതൽ പ്രദേശത്തേക്ക് ബാധിച്ചാൽ ചികിത്സയ്ക്ക് പരിമിതിയുണ്ടാകും.
പ്രതിരോധം
പ്രത്യേകിച്ച് പ്രതിരോധ നടപടികൾ ഇല്ല. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വേണ്ടത്. കൂടാതെ പ്രമേഹം നിയന്ത്രിച്ചു നിർത്തുകയും വേണം.