മുംബൈ: തുടർച്ചയായി 12-ാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും പുതിയ റെക്കോഡ് കുറിച്ചാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 247.79 പോയന്റ് നേട്ടത്തിൽ 49,517.11ലും നിഫ്റ്റി 78.70 പോയന്റ് ഉയർന്ന് 14,563.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1387 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. കൊറോണ വാക്സിൻ വിതരണംതുടങ്ങിയതും ആഗോള കാരണങ്ങളുമാണ് വിപണിക്ക് കരുത്തായത്.
ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
പൊതുമേഖല ബാങ്ക് സൂചിക ആറ് ശതമാനം നേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികൾ ഒരുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4ശതമാനവും 0.2ശതമാനവും ഉയർന്നു. ഫാർമ സൂചിക ഒരുശതമാനവും എഫ്എംസിജി സൂചിക 0.5ശതമാനവും നഷ്ടമുണ്ടാക്കി.