തിരുവനന്തപുരം: ഫയർഫോഴ്സിൽ അച്ചടക്ക ലംഘനം നടത്തിയ പത്ത് ഉദ്യോഗസ്ഥർക്കു പോലീസ് മാതൃകയിൽ കടുത്ത ശിക്ഷാ നടപടി. തീ അണയ്ക്കാൻ അടക്കം ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ കേടുവരുത്തിയതിൻറെ പേരിലാണ് തിരുവനന്തപുരം ഓഫിസിലെ ഒൻപതു ജീവനക്കാരെ കഠിന പരിശീലനത്തിന് അയയ്ക്കുന്നത്.
സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കായംകുളം ഓഫീസിലെ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. ഫയർഫോഴ്സ് മേധാവിയായി എഡിജിപി ബി സന്ധ്യ ചുമതലയേറ്റതിനു പിന്നാലെയാണു തിരുവനന്തപുരം, കായംകുളം ഓഫിസുകളിലെ 10 ജീവനക്കാരെ കഠിന പരിശീലനത്തിന് അയയ്ക്കാൻ ഉത്തരവിട്ടത്.
തൃശൂരിലെ ഫയർഫോഴ്സ് അക്കാദമിയിലേക്കാണ് ഇവരെ പരിശീലനത്തിന് അയയ്ക്കാൻ നിർദേശിച്ചിട്ടുള്ളത്.അച്ചടക്ക ലംഘനം നടത്തുന്നവർക്കു സാധാരണയായി ഫയർഫോഴ്സ് സേനയിൽ സസ്പെൻഷനും സ്ഥലംമാറ്റവും ലഭിക്കാറുണ്ടെങ്കിലും പോലീസ് മാതൃകയിൽ കഠിന പരിശീലനത്തിന് അയയ്ക്കുന്നത് അടുത്ത കാലത്തായി ആദ്യ സംഭവമാണെന്നാണു വിലയിരുത്തൽ.