വാഷിംഗ്ടടൺ: കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണവുമായി വാട്സാപ്പ്. ഇനി മുതൽ അഞ്ചിലേറെ തവണ ഫോർവേഡ് ചെയ്യപ്പെട്ട സന്ദേശങ്ങൾ ഒരൊറ്റ ചാറ്റിലേക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കൂ. ഒരു സമയം ഒരൊറ്റ ചാറ്റിലേക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കൂ. വ്യാജ വാർത്തകളുടെ ഉറവിടം വേഗത്തിൽ കണ്ടെത്താൻ ഇത് സഹായകമാകും. നിലവിൽ ഒരു സന്ദേശം നിരവധിപ്പേർക്ക് അയയ്ക്കാൻ സാധിക്കുമായിരുന്നു.അധികൃതരുടെ നിർദേശപ്രകാരമാണ് വാട്സാപ്പ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. നേരത്തേ എത്ര പേർക്ക് വേണമെങ്കിലും ഫോർവേഡ് ചെയ്യാമായിരുന്നെങ്കിലും ഇത് ഒരേ സമയം അഞ്ചു പേർക്കായി വാട്ട് സാപ്പ് പരിമിതപ്പെടുത്തിയിരുന്നു. ഇതെത്തുടർന്ന് മെസേജ് ഫോർവേഡിംഗ് 25 ശതമാനം കുറഞ്ഞിരുന്നു.പുതിയ നിയന്ത്രണം വരുമ്പോഴും ഫോർവേഡ് ചെയ്യുന്നത് 25 ശതമാനമെങ്കിലും കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യാജവാർത്തകൾക്കെതിരെയും വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ വിഷയം ഉന്നയിച്ച് മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.