‘തടങ്കൽ പാളയങ്ങളേക്കാൾ മോശമാണ് ക്വാറന്റൈൻ കേന്ദ്രം’ : വിവാദ പരാമർശം നടത്തിയ എംഎൽഎ അറസ്റ്റിൽ

ആസ്സാം: തടങ്കൽ പാളയങ്ങളേക്കാൾ മോശമാണ് ക്വാറന്റൈൻ കേന്ദ്രമെന്ന് അഭിപ്രായപ്പെട്ട എംഎൽഎ അറസ്റ്റിൽ. ആസ്സാമിലെ പ്രതിപക്ഷ എംഎൽഎയായ അമിനുൾ ഇസ്‍ലാമാണ് അറസ്റ്റിലായത്. തടങ്കൽ പാളയങ്ങളേക്കാൽ മോശം എന്നാണ് എംഎൽഎ ക്വാറന്റൈൻ സജ്ജീകരണങ്ങളെ വിശേഷിപ്പിച്ചത്. എംഎൽഎ അമിനുൾ ഇസ്‍ലാമും മറ്റൊരാളും തമ്മിൽ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശത്തിലാണ് ഈ പരാമർശമുളളത്. അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടി നിർമ്മിച്ച തടങ്കൽ പാളയങ്ങളേക്കാൾ മോശവും ഭീകരവുമായ അവസ്ഥയാണ് സംസ്ഥാനത്തെ ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ളത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ വാചകങ്ങൾ. ബിജെപി സർക്കാർ ആസാമിലെ മുസ്ലീം ജനതയ്ക്കെതിരെ ​ഗൂഢാലോചന നടത്തുന്നു എന്ന് മുമ്പ് എംഎൽഎ ആരോപണമുന്നയിച്ചിരുന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിയ വ്യക്തികളെ ആരോ​ഗ്യപ്രവർത്തകർ പീഡിപ്പിക്കുകയാണെന്നും കൊറോണ വൈറസ് രോ​ഗികളെന്ന് വരുത്തി തീർക്കാൻ ആരോ​ഗ്യമുള്ള വ്യക്തികളിൽ വരെ കുത്തിവെപ്പ് നടത്തുന്നതായും എംഎൽഎ അമിനുൾ ഇസ്ലാം ആരോപിച്ചിരുന്നു.
ആസാമിലെ നാ​ഗോൺ ജില്ലയിലെ ദിം​ഗ് നിയോജമണ്ഡലത്തിൽ നിന്നുള്ള ആൾ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ട് എംഎൽഎയാണ് അമിനുൾ ഇസ്‍ലാം. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം ഔദ്യോ​ഗിക അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് എൻഡിടിവിയോട് പറഞ്ഞു.