വാഗമണിൽ താമസിച്ച കെട്ടിടത്തിൽനിന്ന് പിടിച്ചത് 6.45 ഗ്രാം കഞ്ചാവ് മാത്രം; ബി ടെക് പ്രോജക്‌റ്റ് സമര്‍പ്പിക്കണം; ജാമ്യം തേടി ബ്രിസ്റ്റി ബിശ്വാസ്

കൊച്ചി: വാഗമൺ ലഹരി പാർട്ടി കേസിൽ ഒൻപതാം പ്രതിയായ നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. 20 വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകളാണ്. മലയാളം നന്നായി സംസാരിക്കാൻ അറിയില്ല. അതിനാൽ പോലീസ് ഓഫീസർക്കുണ്ടായ സംശയമാണ് തന്നെ പ്രതിയാക്കാൻ കാരണം.

ബിടെക് വിദ്യാർഥിനിയായ താൻ കൂട്ടുകാരോടൊപ്പം ഡിസംബർ 19-ന് വാഗമണിലേക്ക് വിനോദ യാത്രയ്ക്ക് പോയതാണ്. ക്ലിഫ് ഇൻ റിസോർട്ടിലെ മൂന്ന് കെട്ടിടങ്ങളിൽ ഒന്നിലാണ് താമസിച്ചത്.

ഡിജെ പാർട്ടി നടക്കുന്നതിനെക്കുറിച്ചോ അവിടെ താമസിച്ച മറ്റുള്ളവരെക്കുറിച്ചോ അറിയാമായിരുന്നില്ല. തങ്ങൾ താമസിച്ച കെട്ടിടത്തിൽനിന്ന് 6.45 ഗ്രാം കഞ്ചാവ് മാത്രമാണ് പിടിച്ചെടുത്തത്.

കോഴിക്കോട് സ്വദേശിയുമായി തന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ജനുവരിയിൽ ചടങ്ങുകൾ തുടങ്ങാനിരിക്കുകയാണ്. പഠനത്തിന്റെ ഭാഗമായി പ്രോജക്ടും സമർപ്പിക്കേണ്ടതുണ്ട്. അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ഡിജെ പാർട്ടിക്കായി ബ്രിസ്റ്റി അടക്കമുള്ളവർ ലഹരി ഉത്പന്നങ്ങളുമായി ഒത്തുചേർന്നുവെന്നാണ് കേസ്. ബ്രിസ്റ്റിയുടെ പക്കൽനിന്ന് 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവ് തങ്കമണി പോലീസ് ഇൻസ്പെക്ടർ പിടിച്ചെടുത്തതായി വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഡിസംബർ 21 മുതൽ ബ്രിസ്റ്റി അടക്കമുള്ള പ്രതികൾ റിമാൻഡിലാണ്.