ഹിന്ദുദൈവങ്ങളെയും അമിത്ഷായെയും അപമാനിച്ച കേസ്; കൊമേഡിയൻ മുനവര്‍ ഫാറൂഖിയ്ക്ക്‌ കോടതി ജാമ്യം നിഷേധിച്ചു

ഇന്‍ഡോര്‍: പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ച സംഭവത്തില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി, നളിന്‍ യാദവ് എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ഇരുഭാഗത്തെയും വാദം കേട്ട ശേഷം ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജനുവരി രണ്ടിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖിയും മറ്റ് നാല് പേരും ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റിലാകുന്നത്. ബിജെപി എംഎല്‍എയുടെ മകന്‍ ഏകലവ്യ സിംഗ് ഗൗര്‍ ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മുനവര്‍ ഫാറൂഖിയുടെ അഭിഭാഷകന്‍ വാദിച്ചു. ആരുടെയും മതവിശ്വാസത്തെ വേദനിപ്പിച്ചിട്ടില്ലെന്നും ഇവര്‍ കോടതിയില്‍ അറിയിച്ചു.

കൊറോണ പശ്ചാത്തലത്തില്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയാണ് പരിപാടി നടത്തിയതെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ അശ്ലീലമാണ് ഇവര്‍ അവതരിപ്പിച്ചതെന്നും എതിര്‍ഭാഗം വാദിച്ചു.