ഇ പി ജയരാജനുമായി ഭിന്നത; പ്രൈവറ്റ് സെക്രട്ടറി എം പ്രകാശൻ മാസ്റ്ററെ മാറ്റി

തിരുവനന്തപുരം: അഭിപ്രായ ഭിന്നതകൾക്കിടെ വ്യവസായ,കായിക മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി എം പ്രകാശൻ മാസ്റ്ററെ മാറ്റി. കണ്ണൂരിലെ പ്രമുഖ സി പി എം നേതാവായ പ്രകാശൻ മാസ്റ്റർ ഏറെ കാലമായി മന്ത്രി ഇ പി ജയരാജന്റെ ഓഫീസിൽ പ്രവർത്തിച്ച് വരികയായിരുന്നു.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പ്രകാശൻ മാസ്റ്ററെ മാറ്റാനുള്ള തീരുമാനമെടുത്തത്. കണ്ണൂരിലെ പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റിയത്.

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നുവെന്നും സിപിഎം വിശദീകരിക്കുന്നു. അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിന്നും പ്രകാശന്‍ മാസ്റ്റര്‍ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്.

ഇ പി ജയരാജനുമായുള്ള അഭിപ്രായ ഭിന്നത മൂലം ഓഫീസ് സ്റ്റാഫിൽ നിന്നും ഒഴിവാക്കപ്പെടുന്ന മൂന്നാമത്തെയാളാണ് പ്രകാശൻ മാസ്റ്റർ. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ്‌ സെക്രട്ടറി കെ സി സജീഷിനെയും നേരത്തെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.