കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർഥ പേര്. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
നാടക രംഗത്ത് തിളങ്ങി നിന്ന ശശി കലിംഗ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു.500-ലധികം നാടകങ്ങളിൽ അഭിനയിച്ചു. തകരച്ചെണ്ട’യെന്ന, സിനിമയിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. അവസരങ്ങൾ ലഭിക്കാതെ പിന്നീട് നാടകത്തിലേക്ക് തിരിച്ചു പോയി. “പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ വീണ്ടും സജീവമായത്.
തിരുത്താത്ത ‘തിരക്കഥ’, യിലൂടെ വീട്ടുകാരുടെ ശശി സിനിമയിൽ കലിംഗ ശശിയായി.സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്’ സിനിമയിൽ നായകനുമായി.
കേരളാകഫേ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി,ആമേൻ, അമർ അക്ബർ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകൻ അബു തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.